മാനവികതക്ക് മാതൃകയായി സന്നിധാനത്തെ വാവരുനട

22/11/2013 വിവരങ്ങള്‍

മനുഷ്യരെല്ലാം ഒന്നാണെന്നും വിശ്വാസങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും സാഹോദര്യത്തിന് മതത്തിന്റെ മതില്‍കെട്ടിന്റെ തടസ്സം ഉണ്ടാകാന്‍ പാടില്ലെന്ന വിശ്വതത്വം പറഞ്ഞുതരികയാണ് സന്നിധാനത്തെ വാവരുനട. അയ്യനെ കാണാന്‍ വ്രതംനോറ്റെത്തുന്ന ഓരോ ഭക്തന്റെയും ദൗത്യം പൂര്‍ത്തിയാകണമെങ്കില്‍ വാവരുനടയില്‍ ദര്‍ശനം നടത്തേതുണ്ട്. ഒരുവേള ശത്രുവായിരുന്ന വാവരെ അയ്യപ്പന്‍ മിത്രമാക്കിയതായാണ് ഐതിഹ്യം.

ശബരിമലയിലേക്ക് തിരിക്കുമ്പോള്‍ വാവരെക്കൂടി അയ്യപ്പന്‍ കൂടെകൂട്ടി. അതിഥിയായെത്തിയ വാവര്‍ക്ക് അയ്യപ്പന്‍ ശബരിമലയില്‍ ഇരിപ്പിടവും നല്‍കി. തന്നെ കാണാന്‍ എത്തുന്നവര്‍ പ്രിയതോഴനായ വാവരെയും കണ്ട് പതിനെട്ടുപടി ചവിട്ടണമെന്ന് അയ്യപ്പന് ആഗ്രഹവുമുണ്ടായിരുന്നുവത്രേ.

ശബരീശ സന്നിധിയിലെന്ന പോലെ വാവര്‍ നടയില്‍ വണങ്ങാനെത്തുന്നവരെയൊക്കയും ദൈവത്തിന്റെ പ്രതിരൂപമായി കാണുന്നു. വിശ്വാസങ്ങളിലെ വ്യത്യാസം സഹോദര്യത്തിനും സഹവര്‍ത്തിത്വത്തിനും ബാധകമേയല്ല എന്നു തെളിയിക്കുന്ന ഒരിടം ശബരിമല മാത്രമേയുള്ളു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് വാവര്‍ നടയിലെ ഇപ്പോഴത്തെ മുഖ്യകര്‍മി വി എസ് അബ്ദുള്‍ റഷീദ് പത്തനംതിട്ട വായ്പൂര്‍ വെട്ടിപിലാക്കലെ കുടുംബാംഗമാണ് ഇദ്ദേഹം. ഈ കുടുംത്തിനാണ് വാവര്‍ നടയിലെ കാര്‍മികത്വത്തിന് അവകാശം.

ഇരുമുടിക്കെട്ടില്‍ അയ്യപ്പനുള്ള വഴിപാടിനൊപ്പം വാവരുടെ ഇഷ്ടവിഭവങ്ങളും നിറച്ചാണ് ഭക്തന്‍മാര്‍ ശബരിമല ചവിട്ടുന്നത്. കുരുമുളകും ഭസ്മവുമാണ് വാവര്‍ നടയിലെ പ്രധാന വഴിപാടുകള്‍. പൂജിച്ച ഏലസുകളും ഭക്തന്‍മാര്‍ക്ക് നല്‍കിവരുന്നു. വാവര്‍ സ്വാമികളുടെ യോദ്ധന വീര്യം സ്മരിച്ചുകൊണ്ട്
വാളും നടയില്‍ ഉണ്ട്‌.

Related Articles