തീര്‍ത്ഥാടനകാലം സുരക്ഷിതമാവാന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ – സര്‍ക്കാര്‍ മാനുവല്‍

19/12/2012 അറിയിപ്പുകള്‍

ശബരിമല തീര്‍ത്ഥാടനം സുരക്ഷിതമാവാന്‍ ബന്ധപ്പെട്ട വിവിധ വകുപ്പുകളും സുരക്ഷാ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡും, കെ.എസ്.ഇ.ബിയും തീര്‍ത്ഥാടകരും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇനിപ്പറയുന്നു. കഴിഞ്ഞ പുല്ലുമേടു ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മാനുവലിലാണ് ഇവ പ്രതിപാദിക്കുന്നത്.

ശബരിമല തീര്‍ത്ഥാനടത്തോടനുബന്ധിച്ച് പമ്പയിലും സമീപ പ്രദേശങ്ങളിലും, പ്രത്യേകിച്ച് ഹില്‍ടോപ്പ്, ത്രിവേണി, ചാലക്കയം 1 & 2 എന്നീ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ചെറിയ വാഹനങ്ങള്‍ക്കുമാത്രം പാര്‍ക്കിംഗ് അനുവദിക്കുകയും വലിയ വാഹനങ്ങള്‍ക്ക് നിലയ്ക്കലിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മാത്രം പാര്‍ക്കിംഗ് അനുവദിക്കുകയും ചെയ്യുക എന്ന നിര്‍ദ്ദേശം കര്‍ശനമായും പാലിക്കപ്പെടേണ്ടതാണ്. എല്ലാ വാഹനങ്ങളും തീര്‍ത്ഥാടകരെ പമ്പയില്‍ ഇറക്കിയശേഷം പാര്‍ക്കിംഗ് സ്ഥലത്ത് പോകുക എന്ന നിര്‍ദ്ദേശം പാലിക്കപ്പെടേണ്ടതാണ്. ശബരിമല തീര്‍ത്ഥാടന യാത്രയ്ക്കായി പുതിയതോ നന്നായി അറ്റകുറ്റപ്പണികള്‍ ചെയ്തതോ ആയ വാഹനങ്ങള്‍ മാത്രം ഉപയോഗിക്കുക.

സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകര്‍ ദര്‍ശനത്തിനുശേഷം ഉടന്‍തന്നെ മടങ്ങിപ്പോകേണ്ടതാണ്. ദര്‍ശനത്തിനുശേഷം ആറ് മണിക്കൂറില്‍ കൂടുതല്‍ യാതൊരു കാരണവശാലും സന്നിധാനത്ത് തങ്ങുവാന്‍ പാടില്ല. ബാരിക്കേഡിനുള്ളില്‍ ഒരു സെഗ്മെന്റില്‍ നിന്നും അടുത്ത സെഗ്മെന്റിലേയ്ക്ക് കടത്തിവിടുമ്പോള്‍ ഭക്തജനങ്ങള്‍ ഓടുന്നത് അപകടകരമാണ്. ഈ കാര്യത്തില്‍ പോലീസിന്റെ നിര്‍ദ്ദേശം കര്‍ശനമായും പാലിക്കേണ്ടതാണ്.

ചാലക്കയം മുതല്‍ പമ്പ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും യാതൊരു കച്ചവട സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുത്. പമ്പമുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ അംഗീകൃത കച്ചവട സ്ഥാപനങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളു. കൂടാതെ തീര്‍ത്ഥാടനത്തിന് ആവശ്യമായ വസ്തുക്കള്‍ മാത്രം വ്യാപാരം നടത്തേണ്ടതാണ്. മറ്റ് സാധനങ്ങളുടെ വിപണനം ഒരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. തീര്‍ത്ഥാടനത്തിന് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കാന്‍ മാത്രമേ വ്യാപാരികളെ അനുവദിക്കുകയുള്ളൂ.

ശബരിമല ക്ഷേത്രപരിസരത്തും ചാലക്കയം മുതല്‍ സന്നിധാനം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ഭിക്ഷാടനം നിയമംമൂലം നിരോധിച്ചിരിക്കുന്നു. അതിനാല്‍ പ്രസ്തുത സ്ഥലത്ത് ഭിക്ഷാടനം ഒരു കാരണവശാലും അനുവദിക്കരുത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും യാചകരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും കടത്തിവിടുന്നത് യാതൊരു കാരണവശാലും അനുവദിക്കാന്‍ പാടുള്ളതല്ല. സംസ്ഥാന അതിര്‍ത്തികളില്‍ ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കേണ്ടതാണ്.

സുരക്ഷാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എമര്‍ജന്‍സി ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടതായ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വിഭാഗം, ഡോളി എന്നിവയെ ബന്ധപ്പെടുന്നതിനാവശ്യമായ ഫോണ്‍ നമ്പരുകള്‍ സൂക്ഷിക്കേണ്ടതാണ്.

ശബരിമലയിലും പരിസരപ്രദേശങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും ബാഗുകളും മറ്റും നിക്ഷേപിക്കുന്നത് അനുവദിക്കാന്‍ പാടുള്ളതല്ല. തീര്‍ത്ഥാടകര്‍ അവരുടെ താല്‍ക്കാലിക ഷെഡുകളില്‍ കര്‍പ്പൂരം കത്തിക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കുവാന്‍ പാടില്ല. മകരജ്യോതി ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ വൃക്ഷങ്ങളുടെ ശിഖരങ്ങളിലോ വാഹനങ്ങളുടെയും സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെയും മുകളിലോ കയറി നില്‍ക്കുന്നത് അനുവദിക്കാന്‍ പാടില്ല.

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ ആയുധങ്ങള്‍, ഏറുപടക്കം, മറ്റു സ്‌ഫോടകവസ്തുക്കള്‍ മുതയാലവ കൈവശം വയ്ക്കാന്‍ പാടില്ല. എല്‍.പി.ജി. സിലിണ്ടറുകളുടെ അനധികൃതമായ ഉപയോഗം അനുവദിക്കാതിരിക്കുക.

സന്നിധാനത്ത് ഭക്തജനത്തിരക്കില്‍ കുട്ടികളും വൃദ്ധരും കൂട്ടം തെറ്റാതെ ശ്രദ്ധിക്കണം. കുട്ടികളുടേയും വൃദ്ധരുടേയും കഴുത്തില്‍ അവരുടെ പേര്, രക്ഷിതാവിന്റെ പേര്, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതാണ്.

വിരിവയ്ക്കുന്നതിന് നിര്‍ദ്ദിഷ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയും ആ സ്ഥലങ്ങളില്‍ മാത്രം വിരി വയ്ക്കുകയും വേണം. വിരി വയ്ക്കുന്ന സ്ഥലങ്ങളില്‍ പാചകം ചെയ്യരുത്. ഹോട്ടലുകളില്‍ അടുപ്പിന് സമീപം വിറക് സംഭരിക്കില്ലെന്ന് ഉറപ്പാക്കുക. ഭക്തജനങ്ങള്‍ ഭക്ഷണം സ്വയം പാകം ചെയ്യുന്നത് പലപ്പോഴും അപകടം ഉണ്ടാക്കിയേക്കാം. ആയതിനാല്‍ ഭക്തജനങ്ങള്‍ സ്വയം പാചകം ചെയ്യുന്നത് ഒഴിവാക്കുക. ഹോട്ടലുകളില്‍നിന്നും മറ്റും നല്‍കുന്ന കുടിവെള്ളവും, ആഹാര സാധനങ്ങളും ശുദ്ധിയുള്ളതും പഴകിയതല്ലെന്നും ഉറപ്പുവരുത്തുക.

അഗ്നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമായി സൂക്ഷിക്കുക. വൈദ്യുതി തീ പിടിത്തങ്ങളില്‍ ഡ്രൈ കെമിക്കല്‍ എക്സ്റ്റിംഗ്യൂഷറുകള്‍ ഉപയോഗിക്കുക. വഴിപാട് തേങ്ങ കൊപ്രയാക്കുന്നതിനായി ഉപയോഗിക്കുന്ന ഡ്രൈയര്‍ ശാസ്ത്രീയമായി പുന:ക്രമീകരിക്കുകയും അഗ്നിശമന വിഭാഗത്തിന്റെ അംഗീകാരം വാങ്ങുകയും ചെയ്യുക.

താല്‍ക്കാലിക ഷെഡ്ഡുകളുടെ നിര്‍മ്മാണത്തിന് തീ പിടിക്കാത്ത വസ്തുക്കള്‍ ഉപയോഗിക്കുക. ഹോട്ടലുകളിലും മറ്റ് കടകളിലും മച്ചും, സൈഡ് മറയും ടിന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിക്കണം. പെട്ടെന്ന് തീ പിടിക്കുന്ന തൂണുകള്‍, മേല്‍ക്കൂര എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. താല്‍ക്കാലിക ഷെഡ്ഡിലെ അടുപ്പുകള്‍ തകര ഷീറ്റുപയോഗിച്ച് മറയ്ക്കുക.

ഫയര്‍ എക്സ്റ്റിംഗ്യൂഷര്‍ ഇല്ലാത്ത കടകള്‍ അനുവദിക്കരുത്. പ്രാഥമിക അഗ്നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമായി സൂക്ഷിക്കണം. വെടിമരുന്ന സംഭരിക്കുന്ന സ്ഥലത്ത് 24 മണിക്കൂറും ഗാര്‍ഡ് ഡ്യൂട്ടി ഉണ്ടായിരിക്കേണ്ടതാണ്. വെടിമരുന്ന് ഉപയോഗിക്കുന്ന സ്ഥലങ്ങളിലും, സൂക്ഷിക്കന്ന സ്ഥലങ്ങളിലും പൊതുജന സാമീപ്യം ഒഴിവാക്കുകയും പ്രസ്തുത സ്ഥലങ്ങളില്‍ പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ സാന്നിധ്യവും മേല്‍നോട്ടവും ഉണ്ടാകേണ്ടതുമാണ്. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസസിന്റെ അനുമതി വാങ്ങിയതിനുശേഷം മാത്രം വെടിമരുന്ന് സംഭരിക്കുക. എക്‌സ്‌പ്ലോസീവ് ലൈസന്‍സ്ഡ് മഗസീനില്‍ സൂക്ഷിക്കുക.

ലോറിയുടെ പുറകില്‍ അയ്യപ്പന്മാരെ കയറ്റിവരുന്നത് നിരോധിക്കേണ്ടതാണ്. ഭക്തജനങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലങ്ങളില്‍ പോക്കറ്റടി, മോഷണം ഇവ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഭക്തജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തീര്‍ത്ഥാടന യാത്രയില്‍ വാഹനങ്ങള്‍ ഓടിക്കുവാന്‍ പരിചയസമ്പന്നരായ ഡ്രൈവര്‍മാരെ നിയോഗിക്കുക, ഡ്രൈവര്‍മാര്‍ മതിയായ വിധത്തില്‍ വിശ്രമിക്കുന്നുവെന്നും ഉറക്കമൊഴിച്ച് ദീര്‍ഘദൂരം വാഹനം ഓടിക്കുന്നില്ല എന്നും ഉറപ്പുവരുത്തുക.

അനേകം സാധാരണ ഭക്തജനങ്ങള്‍ ക്യൂ നില്‍ക്കുന്ന സമയങ്ങളില്‍ വി.ഐ.പി. ഭക്തരുടെ ദര്‍ശനത്തിനായി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. ഇക്കാര്യത്തില്‍ വി.ഐ.പി. ഭക്തജനങ്ങള്‍ സഹകരിക്കേണ്ടതാണ്. തീര്‍ത്ഥാടകര്‍ക്ക് മലകയറുന്നതിനും കൂടിനില്‍ക്കുന്നതിനും പരമാവധി വിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ സ്ഥല സൗകര്യം ലഭ്യമാക്കേണ്ടതാണ്.

ഇ.ഡി.സി., കരാറുകാര്‍ മുതലായവര്‍ കടകള്‍ പണിയുന്ന സ്ഥലങ്ങള്‍ പരിശോധിച്ച് കടകള്‍ മൂലം അപകടസാധ്യത ഇല്ല എന്ന് ഉറപ്പുവരുത്തണം. കൂടാതെ മലമ്പാതയില്‍ ഒരിടത്തും ഒരേ സ്ഥലത്ത് വഴിയുടെ ഇരുവശത്തും ഒരുമിച്ച് കടകള്‍ അനുവദിക്കാന്‍ പാടില്ല. കടകളുടെ നിര്‍മ്മാണം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും ആവശ്യമായ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം.

എല്ലാ ജില്ലകളിലും തീര്‍ത്ഥാടകര്‍ തിങ്ങിനിറയുന്ന സ്ഥലങ്ങളില്‍ വേണ്ടത്ര വെളിച്ചം ഉണ്ടായിരിക്കുകയും, ആള്‍പ്പാച്ചിലിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അധിക ജനറേറ്ററുകള്‍ കരുതിവച്ച് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യണം. പമ്പ മുതല്‍ സന്നിധാനം വരെയുള്ള മുഴുവന്‍ മലമ്പാതയും സന്നിധാന പരിസരവും പ്രദേശത്തിന്റെ പ്രത്യേകതകൊണ്ടും തുടര്‍ച്ചയായ ആള്‍സാന്ദ്രത കൊണ്ടും ആള്‍പ്പാച്ചിലിന് സാധ്യതയുള്ള പ്രദേശറങ്ങളായതിനാല്‍ ആള്‍പ്പാച്ചില്‍ ഒഴിവാക്കുന്നതിനുവേണ്ടി പ്രത്യേകമായി മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

ശബരിമലയിലെ എല്ലാ കെട്ടിടങ്ങളും മറ്റ് നിര്‍മ്മിതികളും വൈദ്യുതി വിഭാഗത്തിലേയും, അഗ്നിശമനസേനാ വിഭാഗത്തിലേയും അധികാരികള്‍ പരിശോധിച്ചിരിക്കേണ്ടതാണ്. കൂടാതെ കടകളിലെ വൈദ്യുത ക്രമീകരണങ്ങളുടെ സുരക്ഷ ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയും വേണം. വയറിംഗ്, വൈദ്യുത ഉപകരങ്ങള്‍ സ്ഥാപിക്കല്‍ സംബന്ധിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങളും വ്യവസ്ഥകളും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ തയ്യാറാക്കി, ദേവസ്വം ബോര്‍ഡ് കടകള്‍ ലേലം ചെയ്തുകൊടുക്കുമ്പോള്‍തന്നെ ഈ മാനദണ്ഡങ്ങളും വ്യവസ്ഥകളില്‍ ഉള്‍പ്പെടുത്തണം. അനധികൃതമായി ഡീസല്‍ ശേഖരിച്ചു സൂക്ഷിക്കുന്ന പ്രവണത വളരെ വ്യാപകമാണ്. ഇക്കാര്യത്തില്‍ പരിശോധന നടത്തി കര്‍ശനമായി തടയണം.

കടകളില്‍ വില്‍ക്കുവാന്‍ അനുവദിച്ചിട്ടുള്ള സാധനങ്ങള്‍ ഏതൊക്കെയാണെന്ന് ദേവസ്വം ബോര്‍ഡ് നിഷ്‌കര്‍ഷിക്കേണ്ടതാണ്. തീര്‍ത്ഥാടനത്തിന് വേണ്ടതും തീര്‍ത്ഥാടകരുടെ ആവശ്യത്തിനുള്ളതുമായ സാധനങ്ങള്‍ വില്‍ക്കുവാന്‍ മാത്രമേ ദേവസ്വം ബോര്‍ഡ് അനുവാദം നല്‍കുവാന്‍ പാടുള്ളൂ. ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വില്‍ക്കുന്നത് അനുവദിക്കാന്‍ പാടില്ല.

തീര്‍ത്ഥാടനത്തിനും പൂജാവശ്യങ്ങള്‍ക്കും ആവശ്യം വേണ്ട വസ്തുക്കള്‍ ഒഴികെ തീര്‍ത്ഥാടനത്തിന് ആവശ്യമില്ലാത്ത മറ്റു സാധനങ്ങള്‍ തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. തീര്‍ത്ഥാടനപാതയില്‍ പഴത്തൊലികള്‍, മാലിന്യങ്ങള്‍, എണ്ണ, കാലില്‍ തുളച്ചുകയറുന്ന ലോഹകഷണങ്ങള്‍, ആണികള്‍ മുതലായവ ആരെങ്കിലും നിക്ഷേപിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കേണ്ടതാണ്.

തീര്‍ത്ഥാടകര്‍ ചരക്ക് വാഹനങ്ങളില്‍ കൂട്ടമായി കയറി ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് വരുന്നത് തടയേണ്ടതാണ്. സ്ഥിരമായി തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്നതും, വൈദ്യുതി ഇല്ലാത്തതുമായ പാതയില്‍, പ്രകാശം ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഇതിനുവേണ്ടി ജില്ലാ അധികാരികളുമായി ബന്ധപ്പെടേണ്ടതുമാണ്. അങ്ങനെ പ്രകാശം ഇല്ലാത്ത വഴികളില്‍ രാത്രികാല സഞ്ചാരം നിരോധിക്കണം.

കിംവദന്തികള്‍ പരത്തുന്നത് പരിഭ്രാന്തിയുണ്ടാക്കുകയും അത് ആള്‍പ്പാച്ചിലിന് കാരണമായിത്തീരുകയും ചെയ്യും. എന്തെങ്കിലും ആശയക്കുഴപ്പമുണ്ടായാല്‍ ശരിയായ രീതിയിലുള്ള അറിയിപ്പുകള്‍ ആശയക്കുഴപ്പം പരക്കാതിരിക്കുവാനും അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും സഹായിക്കും. സന്നിധാനത്തും പമ്പയിലും മലമ്പാതയിലുടനീളവും ഫലപ്രദമായ ഒരു പൊതു അറിയിപ്പ് സംവിധാനം പ്രവര്‍ത്തിക്കേണ്ടതാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ പൊതു അറിയിപ്പുകള്‍ നല്‍കുവാന്‍ കഴിയുന്ന ആളുകളുടെ സേവനം കണ്‍ട്രോള്‍ റൂമകളില്‍ ലഭ്യമാക്കിയിരിക്കണം. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ പൊതുഅറിയിപ്പ് സംവിധാനവും ഫലപ്രദമായി വിനിയോഗിക്കേണ്ടതാണ്.

Related Articles