അയ്യപ്പ ഭക്തരുടെ സൗകര്യത്തിനായി ദേവസ്വംബോര്‍ഡ്‌ അറിയിക്കുന്നത്

08/12/2011 അറിയിപ്പുകള്‍,വിവരങ്ങള്‍

നെയ്യഭിഷേകം, അപ്പം, അരവണ എന്നിവയ്ക്കുള്ള പ്രീ-പെയ്ട് ടിക്കറ്റുകള്‍ ധനലക്ഷ്മി ബാങ്കിന്റെ രാജ്യത്തുള്ള എല്ലാ ശാഖകളില്‍ നിന്നും ലഭിക്കും. യാത്ര പുറപ്പെടുംമുമ്പ് തന്നെ ഇത് വാങ്ങി സൂക്ഷിച്ചാല്‍ സന്നിധാനത്തെ പ്രസാദ കൌണ്ടറിനു മുന്‍പിലെ തിരക്ക് കുറയ്ക്കാന്‍ കഴിയും.

അയ്യപ്പ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ്ങ് സമ്പ്രദായം നിലവിലുണ്ട്. കേരള പോലീസിന്റെ വെബ്സൈറ്റില്‍ നിന്നും ഓണ്‍ലൈന്‍ ബുക്കിങ്ങ് ചെയ്യാവുന്നതാണ്. ബുക്കിങ്ങ് ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റ്‌ ഔട്ടും തിരിച്ചറിയല്‍ രേഖയുമായി ദര്‍ശനത്തിനു വന്നാല്‍ അധികനേരം നടപ്പന്തലില്‍ ക്യൂ നില്‍ക്കാതെ വേഗം പതിനെട്ടാംപടിക്കു താഴെ എത്താവുന്നതാണ്.

മാളികപ്പുറം ക്ഷേത്രത്തിനു വടക്കേ നടയിലുള്ള ദേവസ്വംബോര്‍ഡ്‌ അന്നദാന മണ്ഡപത്തിനു സമീപം പുതിയ അപ്പം, അരവണ കൌണ്ടറുകള്‍ തുറന്നിട്ടുണ്ട്.

നെയ്യഭിഷേകത്തിന്റെ സമയം കഴിഞ്ഞു ദര്‍ശനത്തിന് എത്തുന്നവര്‍ പിറ്റേ ദിവസത്തെ നെയ്യഭിഷേകത്തിനായി കാത്തു നില്‍ക്കാതെ കൊണ്ട് വന്ന നെയ്യ് സന്നിധാനത്ത് സമര്‍പ്പിച്ച ശേഷം ആടിയശിഷ്ടം നെയ്യ് വാങ്ങി മലയിറങ്ങാവുന്നതാണ്.ഇതിനായി ശ്രീകോവിലിനു തെക്കേ വശത്തുള്ള ഓഫീസ് മന്ദിരത്തിലും വടക്കേ വശത്തെ പോലീസ്സ്റ്റേഷനു എതിര്‍വശത്തും പ്രത്യേക കൌണ്ടര്‍ ഒരുക്കിയിട്ടുണ്ട്.

ദര്‍ശനം കഴിഞ്ഞു തിരികെ പോകുന്ന ഭക്തര്‍ വലിയ നടപ്പന്തലില്‍ ഇറങ്ങരുത്. അയ്യപ്പ ദര്‍ശനം കഴിഞ്ഞു മാളികപ്പുറത്തമ്മയെ ദര്‍ശിച്ചു വഴിപാടുകള്‍ അര്‍പ്പിച്ച ശേഷംതാഴെയിറങ്ങി അപ്പവും അരവണയും ആടിയശിഷ്ടം നെയ്യും വാങ്ങി ഭസ്മക്കുളത്തിനു സമീപത്തുള്ള ശരണസേതു (ബെയ്‌ലി പാലം) വഴി പമ്പയിലെത്താവുന്നതാണ്.

Related Articles