പ്ലാസ്റ്റിക്കിനെതിരെ വനംവകുപ്പ്

20/11/2012 വിവരങ്ങള്‍

അയ്യപ്പന്റെ ആരൂഢമായ പൂങ്കാവനത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ വനംവകു പ്പ് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി, എസ് എസ് എസ് എന്നിവരുടെ സഹകരണത്തോടെ പ്ലാസ്റ്റിക് നിര്‍മാര്‍ജനം ആരംഭിച്ചു. പമ്പമുതല്‍ സന്നിധാനം വരെയുള്ള കാനനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേസ്റ്റ് ബിന്നുകളിലാക്കി നീക്കം ചെയ്യുന്ന പദ്ധതിക്ക് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ജി പ്രസാദ് റേഞ്ച് ഓഫീസര്‍ പി കെ ജയകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാതയോരത്തെ കടകളില്‍ കയറി പ്രത്യേക ബോധവത്കരണവും സംഘം നടത്തി. ഒന്നിടവിട്ട ദിവസങ്ങളില്‍ സംഘം ഇത്തരത്തില്‍ ബോധവത്കരണവും
ശുചീകരണവും നടത്തും.

സന്നിധാനത്തെത്തുന്ന അയ്യപ്പന്‍മാര്‍ അവര്‍ കൊണ്ടു വരുന്ന മാലിന്യങ്ങള്‍ പൂങ്കാവനത്തിന് പുറത്തേക്ക് കൊണ്ടു പോകുവാന്‍ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണ് ഒരുമുടിക്കെട്ട് പദ്ധതി. അയ്യപ്പന്‍മാര്‍കൊണ്ടു വരുന്ന സാധനങ്ങളില്‍ ആവശ്യം കഴിഞ്ഞുള്ള പ്ലാസ്റ്റിക് കവറുകള്‍ തുടങ്ങി ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ സന്നിധാനത്തു നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോകണം. ഇതിനായി പ്രത്യേകം തുണി സഞ്ചി എല്ലാ അയ്യപ്പന്‍മാര്‍ക്കും സൗജന്യമായി നല്‍കും. സന്നിധാനത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ പി വിജയനാണ് പുതിയ ആശയം മുന്നോട്ട് വച്ചത്. അയ്യപ്പന്‍മാര്‍ കൊണ്ടു വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വന്‍പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണ് പുത്തന്‍ ആശയം. മാലിന്യങ്ങള്‍ പൂങ്കാവനം കേന്ദ്രീകരിക്കാതെ അവകൊ വന്നിടത്തു തന്നെ വികേന്ദ്രീകരിക്കുക വഴി വന്‍പാരിസ്ഥിതിക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കാതെ പൂങ്കാവനം കാത്തുസൂക്ഷിക്കുന്നതും ഈശ്വര ആരാധനയാണെന്ന് അയ്യപ്പന്‍മാര്‍ മനസിലാക്കണം. ഇതിനായി പ്രത്യേക പ്രചരണം തുടങ്ങുമെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ പി വിജയന്‍ പറഞ്ഞു. തൃശ്ശൂരിലെ ആര്‍ട്ടിസ്റ്റ് നന്ദന്‍പിള്ള പ്രത്യേകം രൂപകല്‍പ്പനചെയ്ത തുണിസഞ്ചിയാണ് അയ്യപ്പന്‍മാര്‍ക്ക് നല്‍കുക. ഒരുമുടിക്കെട്ട് എന്ന് പേരിട്ടിട്ടുള്ള സഞ്ചിയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. ശബരിമലയെ അശുദ്ധമാക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍, പഴത്തൊലി, കടലാസുകള്‍, പ്ലാസ്റ്റിക് കവറുകള്‍, തുണിസഞ്ചികള്‍ പാത്രങ്ങള്‍ എല്ലാം ഒരു മുടിക്കെട്ടിലാക്കി മലയിറങ്ങി സ്വന്തം വീട്ടിലെത്തി നശിപ്പിക്കുക. അങ്ങനെയാണ് തീര്‍ഥാടന പൂര്‍ണത.

[ഫോട്ടോ കടപ്പാട് : ദി ഹിന്ദു]

Related Articles